ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പോലീസ്. അറസ്റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി.
അതേസമയം പാലക്കാട് സഞ്ജിത് വധക്കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. പ്രതികൾ ജില്ല വിട്ടതായിയാണ് സൂചന. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പോലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ് രണ്‍ജീത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആലപ്പുഴ സ്വദേശികളായ അനൂപ്, റസീബ് എന്നിവരിൽ നിന്നു മറ്റു പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായതായാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനിടയുണ്ട്. അതേസമയം കൊല്ലപ്പെട്ട രൺജിത്ത് ശ്രീനിവാസൻ്റെ വീട് ബിജെപി ദേശിയ വക്താവും ചലച്ചിത്ര താരവുമായ കുശ്ബു സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്ന് കുശ്ബു ആവശ്യപ്പെട്ടു.
അതേസമയം, ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.

















