തിരുവനന്തപുരം: ഗുണ്ടാവിളയാട്ടം തടയാന്‍ ഗുണ്ടാനിയമം കര്‍ശനമായി നടപ്പാക്കാന്‍ കലക്ടര്‍മാര്‍ സഹകരിക്കണമെന്ന ആവശ്യവുമായി പോലീസ്. കാപ്പാ നിയമം ചുമത്താനുള്ള പോലീസിൻ്റെ ഭൂരിഭാഗം അപേക്ഷകളും കലക്ടര്‍മാര്‍ തള്ളിയതോടെയാണ് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്.
നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നാണ് ഡിജിപി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന് കാല് വലിച്ചെറിഞ്ഞതില്‍ മുഖ്യ പ്രതികളെല്ലാം ഗുണ്ടാപട്ടികയില്‍ പെട്ടവരാണ്. കണിയാപുരത്ത് നടുറോഡില്‍ യുവാവിനെ മര്‍ദിച്ചതടക്കം തിരുവനന്തപുരത്ത് സമീപ ദിവസങ്ങളിലുണ്ടായ ഭൂരിഭാഗം അക്രമങ്ങള്‍ക്ക് പിന്നിലും സ്ഥിരം ക്രിമിനിലുകള്‍ തന്നെയാണ്.
മറ്റ് ജില്ലകളിലും ഏതാണ്ട് സമാന അവസ്ഥ. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് കാപ്പാ നിയമമാണ്. എന്നാല്‍ ഈ വര്‍ഷം അത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കരുതല്‍ തടങ്കലിനായി പോലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്.

















