ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേരള സർക്കാരും പോലീസും ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷൻ ഉൾപ്പെടെ രഞ്ജിത്തിന്റെ വീടിന് സമീപത്താണ് ഉള്ളത്. കൊലപാതകം നടന്നപ്പോൾ തന്നെ എല്ലാ എക്‌സിറ്റ് പോയിന്റുകളും അടച്ച് പോലീസിന് അന്വേഷണം നടത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ എല്ലാ അതിർത്തികളും തുറന്നുകൊടുത്തുകൊണ്ട് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് പോലീസ് ചെയ്തത് എന്ന് ഖുശ്ബു കുറ്റപ്പെടുത്തി.
കേരളത്തിലെ അഭിഭാഷകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഖുശ്ബു ചോദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊലപാതകങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. രണ്ടാമത്തെ തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ താങ്കൾ അവിടെ എന്താണ് ചെയ്യുന്നത് എന്ന് ഖുശ്ബു മുഖ്യമന്ത്രിയോട് ചോദിച്ചു. ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പിണറായി വിജയന് അറിയാം. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാഷ്‌ട്രീയം ഉണ്ടാകാം എന്നാൽ അതിന് പിന്നിൽ ജാതിയും മതവുമുണ്ടാകാൻ പാടില്ല. രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങൾക്കും പാർട്ടികൾക്കും നാടിനും നല്ലതല്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്നതല്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇനി നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകാൻ സാധിക്കുമോ എന്നും ഖുശ്ബു ചോദിച്ചു.

















