കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാൻ ശ്രമിച്ചതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ പ്രോട്ടോകോൾ ലംഘനമുണ്ടായോയെന്ന് അറിയില്ലെന്ന് മേയർ വിശദീകരിക്കുന്നു.
വ്യാഴാഴ്ച രാവിലെ 11.05 നാണ് രാഷ്ട്രപതി കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് പിഎൻ പണിക്കർ പ്രതിമയുടെ അനാച്ഛാദച്ചടങ്ങിൽ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മേയർ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ മേയർ വിവിഐപി വാഹന വ്യൂഹത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു.
തുമ്പ സെൻറ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറൽ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയിൽ കയറി. പുറകിലുള്ള വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. സംഭവത്തിൽ കേന്ദ്ര ഇൻറലിജൻസ്അന്വേഷണം തുടങ്ങിയിട്ടുണ്ട്.

















