തിരുവനന്തപുരം: ഗായകൻ എം ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയി നിയമിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം. ബിജെപി അനുഭാവിയായ എം ജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പേജുകളില്‍ വിമര്‍ശനം ശക്തമാണ്.
സംവിധായകന്‍ ജിയോ ബേബി, മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എം ജി ശ്രീകുമാര്‍ മുന്‍പ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകള്‍, ബിജെപി വേദികളിലെ ചിത്രങ്ങള്‍ തുടങ്ങിയ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘സംഘ് സഹയാത്രികന്‍ എം ജി ശ്രീകുമാര്‍ ഇടത് സര്‍ക്കാറിൻ്റെ സംഗീത നാടക അക്കാദമി ചെയര്‍മാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി എം ജി ശ്രീകുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയില്‍ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചരണത്തില്‍ പങ്കെടുത്തു. കുമ്മനത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം ജി ശ്രീകുമാറായിരുന്നു.
ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് എം ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂൾമാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം. തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കെപിഎസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ.
നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം എം ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. നിലവിലെ ചെയര്‍മാനായ കമലിൻ്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സ്ഥാനമേറ്റെടുക്കുക.

















