ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകൻ വെങ്കട് പ്രഭു. ‘മിന്നൽ മുരളി’ സിനിമയിൽ അഭിമാനം തോന്നുവെന്നും ചിത്രം കണ്ടിട്ട് നിങ്ങളുടെ പ്രയത്നത്തെ തല കുനിച്ച് അഭിനന്ദിക്കുന്നുവെന്നും വെങ്കട് പ്രഭു പറഞ്ഞു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാർവൽ സ്റ്റുഡിയോസോ ഡിസി കോമിക്സോ മിന്നൽ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കട് പ്രഭു രംഗത്തെത്തിയത്.
‘മിന്നൽ മുരളി! തല കുനിക്കുന്നു. ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’–വെങ്കട് പ്രഭു ട്വീറ്റ് ചെയ്തു.
Minnal Murali!!! Bow down guys!! What a local super hero origin movie!!! #GuruSomasundaram vera level saar neenga!! I am sure #MarvelStudios or #dccomics will incorporate u guys soon! Way to go!! #MinnalMurali proud🙏🏽👍🏽
— venkat prabhu (@vp_offl) December 26, 2021
ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വെങ്കട് പ്രഭു. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഈ വർഷം ഒരുക്കിയ ‘മാനാട്’ വലിയ വിജയമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ സിനിമയാണ് ‘മിന്നൽ മുരളി’. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.
ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിൻ്റെ കഥയാണ് ‘മിന്നൽ മുരളി’യിലൂടെ ബേസിൽ പറയുന്നത്. ഒടിടി റിലീസായി നെറ്റഫ്ലിക്സിലൂടെയാണ് മിന്നൽ മുരളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായകനായി എത്തിയത്.
അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രവുമാണിത്. 18 കോടിയാണ് നിര്‍മ്മാണച്ചെലവ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.
നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് മിന്നൽ മുരളി ഒന്നാമതെത്തി നിൽക്കുന്നത്. ജൂഡ് ആന്തണി ജോസഫ്, ബൈജു സന്തോഷ്, മാമുക്കോയ, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ്‍ വസിഷ്ഠ്, ഫെമിന, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബിജുക്കുട്ടൻ, സ്നേഹ ബാബു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, ‘മിന്നൽ മുരളി’യുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോൾ പ്രതികരിച്ചു.
















