മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മിന്നൽ മുരളി’. ക്രിസ്മസ് റിലീസായി നെറ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുമെന്ന സുചനകൾ നൽകിയിരിക്കുകയാണ് ടൊവിനോ.
താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘പറക്കൽ പാഠം 101. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി’.– എന്ന കുറിപ്പോടെയാണ് വർക്കൗട്ട് വിഡിയോ ടൊവീനോ പങ്കുവച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകൻ ബേസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തമാസം ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോളും അറിയിച്ചിരുന്നു. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.
ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്നത്. ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ്, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് മിന്നൽ മുരളി ഒന്നാമതെത്തി നിൽക്കുന്നത്.
















