മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യങ്ങൾ മൂലം ‘ബറോസി’ൻ്റെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നതാണ് ഡേറ്റ് പ്രശ്നമുണ്ടാകാൻ കാരണം.
രണ്ടാം ലോക്ഡൗണിന് മുമ്പ് ബറോസിൻ്റെ ഷൂട്ടിങ് നടന്നെങ്കിലും ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിൻ്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
ബറോസിൻ്റെ ചിത്രീകരണം ഇന്നലെ വീണ്ടും പുനരാരംഭിച്ചു. ചിത്രത്തിൻ്റെ പ്രമോ ടീസർ അടക്കം അണിയറപ്രവർകർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ആദ്യം നിശ്ചയിച്ച പല താരങ്ങളെയും മാറ്റിയാണ് ചിത്രം വീണ്ടും ഒരുക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിൻ്റെ വേഷം അവതരിപ്പിക്കുന്നത്. പ്രധാനവേഷം അവതരിപ്പിക്കാൻ തെരഞ്ഞെടുത്ത കുട്ടിയെ അടക്കം മാറ്റിയാണ് ഇപ്പോൾ സിനിമ ഒരുങ്ങുന്നത്. മുംബൈ സ്വദേശിയായ മായയാണ് ഇപ്പോൽ ഈ വേഷത്തിലെത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിൻ്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസിൻ്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
















