കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രോസിക്യൂഷൻ. പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിക്കുന്നത്.
പ്രോസിക്യൂഷന്‍റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോൺകോൾ രേഖകളുടെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.
അതുകൊണ്ട് തന്നെ ഇതടിസ്ഥാനപ്പെടുത്തിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തേയും ആരോപിച്ചിരുന്നു. കോടതി മുറിയിൽ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീർത്തികരമായ ചോദ്യങ്ങൾ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകൻ അറിയിച്ചു.
വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മഞ്ജു വാര്യർ തന്നെ കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല. എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ സർക്കാറും പ്രോസിക്യൂഷനും ഉന്നയിച്ചത്.
എന്നാൽ ഇതിനെതിരെ തടസഹർജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന വാദവുമായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജഡ്ജിയെ മാറ്റണമെന്ന ആവശ്യം അന്ന് സുപ്രീംകോടതി തള്ളിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിന് പൾസർ സുനിയമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എന്നാൽ ഇതേക്കുറിച്ച് ആരോടും പറയരുതെന്ന് ദിലീപും കാവ്യയും ഉൾപ്പടെയുള്ളവർ തന്നോട് ആവശ്യപ്പെട്ടെന്നും ആരോപിച്ച് ദിലീപിന്‍റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് താൻ സാക്ഷിയാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരുമ്പോൾ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൻ്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

















