കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് ജീവനക്കാരായ ഇതരസംസ്ഥാനക്കാര്‍ പോലീസിനെ ആക്രമിച്ചതില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കസ്റ്റഡിയിലുള്ളവരെ പെരുമ്പാവൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രാത്രി വൈകിയും ചോദ്യം ചെയ്തു. ഇതിനിടെ ഇന്നലെ അറസ്റ്റിലായ ഇരുപത്തിനാലുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങി കേന്ദ്ര എജൻസികൾ. കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിൻ്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാൻ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും.
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന മേഖലയിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വർധിക്കുന്നതായാണ് വിലയിരുത്തൽ. കിഴക്കമ്പലത്ത് പോലീസ് സംഘത്തെ ആക്രമിക്കുകയും, പോലീസ് വാഹനങ്ങള്‍ കത്തിച്ചും, അടിച്ചും നശിപ്പിക്കുകയും ചെയ്ത ഇരുപത്തിനാല് ഇതരസംസ്ഥാനക്കാരാണ് ഇന്നലെ അറസ്റ്റിലായത്. സിഐ അടക്കമുള്ള പോലീസുകാരെ ആക്രമിച്ചതിനും, വാഹനങ്ങള്‍ തകര്‍ത്തതിനും ഓരോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായവരെ ഇന്ന് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ക്യാംപിലെ ആക്രമണത്തിന് പിന്നാലെ 156 ഇതരസംസ്ഥാനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂര്‍ എ എസ് പി അനുജ് പലിവാലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണത്തില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

















