എറണാകുളം: കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ അന്വേഷണ സംഘത്തെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. രണ്ട് ഇന്‍സ്പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്പെക്ടര്‍മാരും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുക. ഇതിനോടകം സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ അറസ്റ്ര് ചെയ്തുകഴിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്.
പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. മൂന്ന് പൊലീസ് ജീപ്പുകളാണ് തകര്‍ത്തത്. ഇതില്‍ ഒരെണ്ണം പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിഐയുടെ തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

















