ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. അക്രമികൾ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. രാത്രി 12.30ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതും പുലർച്ചെ 1.40ഓടെ യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സാദർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഓഫീസർ അറിയിച്ചു.
















