മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ ആഘോഷമാക്കുകയാണ് സിനിമാലോകം. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മിന്നൽ മുരളി’. ഡിസംബർ 24ന് നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു ചിത്രത്തിൻ്റെ റിലീസ്. ടൊവിനോയ്ക്കൊപ്പം ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി ഗുരു സോമസുന്ദരവും മനസിൽ ഇടംപിടിക്കുന്നു.
വൻ അഭിപ്രായമാണ് ഗുരു സോമസുന്ദരത്തിൻ്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് ഈ നടനുമായുള്ള സൗഹൃദമെന്ന് ടൊവിനോ പറഞ്ഞു. മാർഗദർശിയായും ഗുരുവായും താൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
‘ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാൻ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞാൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്.
ജെയ്‌സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദവും കെമിസ്ട്രിയും ആവശ്യമായിരുന്നു, അദ്ദേഹവുമായുള്ള എൻ്റെ ആ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്. മാർഗദർശിയായും എൻ്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സർ, ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി.’–ടൊവിനോ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F467058508114925&show_text=true&width=500
ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ ഒരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലായി സിഗററ്റ് വായിലാക്കുന്നതാണ് വിഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മിന്നൽ മുരളിയിലെ സർപ്രൈസ് ഫാക്റ്ററായിരുന്നു ഗുരു സോമസുന്ദരത്തിൻ്റെ ഷിബു എന്ന കഥാപാത്രം. നായകനെ വെല്ലുന്ന വില്ലനായുള്ള ഷിബുവിൻ്റെ പ്രകടനം കയ്യടി നേടുകയാണ്.
പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ജൂഡ് ആന്തണി, മാമുക്കോയ, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ്‍ വസിഷ്ഠ്, ഫെമിന ജോർജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമാണം.
















