ന്യൂഡൽഹി: കോവിഡ് വാക്‌സിൻ്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തൻ്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എടുത്തത് ശരിയായ നടപടിയാണ്. ഇതിൻ്റെ ഗുണം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭിക്കണം. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും എത്തണം.
ജനുവരി 10 മുതൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ‘ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്‍റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ശരിയായ നടപടിയാണ്. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്കെത്തണം’ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഡിസംബർ 22ലെ ട്വീറ്റിലാണ് രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടത്.
നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. ഇന്ത്യൻ സർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുക എന്നും രാഹുൽ ചോദിച്ചിരുന്നു. കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിൻ്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്‍. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത്. മുതിര്‍ന്നവരിലും ഇതേ ഇടവേളയിലാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്.
















