ന്യൂഡല്‍ഹി: രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്‍റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്‌കുകള്‍ പതിവായി ഉപയോഗിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വ്യക്തിഗത തലത്തില്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 5 ലക്ഷം ഓക്സിജന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികള്‍ക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവര്‍ത്തനക്ഷമമായ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















