നാഗ്പുർ: കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നില്‍ ചിലയാളുകളുടെ ഇടപെടലാണെന്നും മന്ത്രി ആരോപിച്ചു.
”ഞങ്ങള്‍ കാര്‍ഷിക നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാല്‍ ചില ആളുകള്‍ക്ക് നിയമം ഇഷ്ടമായില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമങ്ങള്‍. സര്‍ക്കാര്‍ നിരാശരല്ല. ഇപ്പോള്‍ ഒരു ചുവട് പിന്നോട്ട് വെച്ചു. വീണ്ടും ഞങ്ങള്‍ മുന്നോട്ടുതന്നെ പോകും. കാരണം കര്‍ഷകര്‍ രാജ്യത്തിൻ്റെ നട്ടെല്ലാണ്;”-അദ്ദേഹം പറഞ്ഞു.
കർഷക നിയമങ്ങൾ നടപ്പിലാക്കാൻ കൂട്ടാക്കാതെ കർഷകരുടെ ക്ഷേമത്തിന് വിലങ്ങുതടിയായി നിൽക്കുന്നവരെ, പാർലമെന്‍റിൽ നൽകിയ കുറിപ്പിലും കൃഷിമന്ത്രി വിമർശിച്ചിരുന്നു. ഈ നിയമത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ സർക്കാർ ഒരുപാട് യത്നിച്ചെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞിരുന്നു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ലക്ഷ്യങ്ങളും കാരണങ്ങളും എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ചിലര്‍ കാര്‍ഷകരുടെ ഉന്നമനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നതെന്നും ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടകീയമായി നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. യുപി തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പായിരുന്നു പ്രസ്താവന. പിന്നീട് പാര്‍ലമെന്റിൻ്റെ ഇരുസഭകളിലും നിയമം പിന്‍വലിച്ചു.
















