മലയാള സിനിമയിലേക്കൊരു സൂപ്പർ ഹീറോ കഥാപാത്രം അവതരിച്ചിരിക്കുകയാണ് ടോവിനോ തോമസ് ബേസിൽ കൂട്ടുകെട്ടിൽ പിറന്ന മിന്നൽ മുരളിയിലൂടെ . മലയാളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ തിയറ്ററുകളിൽ റീലിസ് ചെയ്തില്ല എന്ന ചെറിയ നിരാശഉണ്ടെങ്കിലും ഒടിടിയിൽ റീലിസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികര ണമാണ് ലഭിക്കുന്നത്.
ഒരു പ്രത്യേക സാഹചര്യത്തിൽ ജയ്‌സൺ എന്ന തയ്യൽക്കാരന് മിന്നലേൽക്കുന്നതും സൂപ്പർ പവർ ലഭിക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനകഥ. ജയ്‌സന്റെ മിന്നൽ മുരളിയായുള്ള പരിണാമമാണ് പിന്നീട് ചിത്രം പറയുന്നത്. പ്രണയവും നിരാശയും നഷ്ടപ്പെടുത്തലുകളുമെല്ലാം ജയ്‌സന്റെ വളർച്ചയ്ക്ക് ബലമാകുന്നുണ്ട്.
കുറുക്കൻമൂല എന്നുപേരുള്ള സാങ്കൽപ്പിക ഗ്രാമമാണ് മിന്നൽമുരളിയുടെ വിളനിലം. മുണ്ടുടുത്ത് അതിമാനുഷികത കാണിക്കുന്ന തനി നാടൻ സൂപ്പർഹീറോയായിട്ടാണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിലെന്ന പോലെ അത്യാവശ്യം തല്ലുകൊള്ളാനും മുരളിക്ക് മടിയില്ല.
സൂപ്പർ ഹീറോ ചിത്രമാണെങ്കിൽക്കൂടി മലയാളികൾക്ക് ദഹിക്കുന്ന രീതിയിലുള്ള അതിമാനുഷികതയേ ചിത്രത്തിൽ മുരളി കാണിക്കുന്നുള്ളൂ എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നാട്ടിൻപുറത്ത് നടക്കുന്ന കഥയായതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകന് പെട്ടന്ന് മനസിൽ നിൽക്കുന്ന പേരുകൾ തന്നെയാണ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നതും. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കഥാപാത്രങ്ങളിലൂടെ മിന്നൽ മുരളി എന്ന പേര് സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ഒരുക്കിയ സംഗീതം മിന്നൽ മുരളി എന്ന സിനിമയ്ക്കും കഥാപാത്രത്തിനും നൽകുന്ന ഊർജം ചില്ലറയല്ല.
https://www.youtube.com/watch?v=qQFwUJCZFAY
















