മേപ്പാടി : മലയോരപാതയുടെ ഭാഗമായ മേപ്പാടി- ചൂരൽമല റോഡിന്റെ നവീകരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ മങ്ങുന്നു. ഇതുവരെ ഒരു നവീകരണപ്രവൃത്തിയും നടക്കാത്ത പാതയോരത്ത് കെ.എസ്.ഇ.ബി. വൈദ്യുതക്കാലുകൾ സ്ഥാപിച്ചതോടെയാണ് റോഡിന്റെ നവീകരണപ്രവൃത്തിയിൽ ആശങ്കയുയർന്നത്.
പ്രമുഖ തേയിലത്തോട്ടങ്ങൾ സ്ഥലം വിട്ടു കൊടുക്കാത്തതിനാൽ മേപ്പാടി ടൗൺമുതൽ നെല്ലിയുണ്ട പാലംവരെ ഒരു നവീകരണപ്രവൃത്തിയും നടന്നിട്ടില്ല. ഈ ഭാഗത്താണ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനായി വൈദ്യുതക്കാലുകൾ സ്ഥാപിക്കുന്നത്. ആറുമീറ്റർ മാത്രം വീതിയുള്ള നിലവിലുള്ള റോഡിനോട് ചേർന്നാണ് വൈദ്യുതക്കാലുകൾ കുഴിച്ചിട്ടിരിക്കുന്നത്. വൈദ്യുതലൈൻ വലിച്ചാൽ റോഡ് വീതികൂട്ടുന്നതിന് തടസ്സമാകും.
13 കിലോമീറ്റർ ദൂരമുള്ള പാതയുടെ പകുതിദൂരം മാത്രമാണ് നവീകരണപ്രവൃത്തി ഭാഗികമായെങ്കിലും നടന്നിരിക്കുന്നത്. നവീകരണപ്രവൃത്തി എത്രയുംവേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ രാഷ്ട്രീയകക്ഷികളും സമരം നടത്തിയെങ്കിലും ഒന്നുംതന്നെ ഫലം കണ്ടിട്ടില്ല.
ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞമാസം എൽ.ജെ.ഡി. നിരാഹാരസമരം നടത്തിയിരുന്നു. ഡിസംബർ അവസാനവാരം കുഴികളടച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതിനായി 35 ലക്ഷംരൂപ വകയിരുത്തിയതായും ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. എന്നാൽ ഡിസംബർ 24 ആയിട്ടും കല്ലു പോലും റോഡിൽ ഇറക്കിയിട്ടില്ല. ഇതിനിടയിലാണ് റോഡരികിൽ വൈദ്യുതക്കാലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തകൃതിയായി നടക്കുന്നത്
















