ബംഗളൂരു: കർണാടകയിൽ ബൈക്കിൻ്റെ ഹാൻഡിൽ കുടുങ്ങിയത് അറിയാതെ ഡ്രൈവർ മിനിലോറി മുന്നോട്ടെടുത്തതിനെ തുടർന്ന് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബെന്നാർഘട്ടയിലെ എഎംസി കോളജ് വിദ്യാർഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. പത്തുമീറ്ററോളം ബൈക്ക് വലിച്ചിഴച്ച ശേഷമാണ് ലോറി നിർത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹാന്‍ഡില്‍ ലോറിയിൽ കുടുങ്ങിയതോടെ ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. പത്തുമീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. സംഭവശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ബെന്നാർഘട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















