ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങൾ സന്ദർശികാനൊരുങ്ങി കേന്ദ്രസംഘം. കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് കേസുകള്‍ ഉയര്‍ന്നതും വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതുമായ പത്ത് സംസ്ഥാനങ്ങളിലേയ്ക്കാണ് വിദഗ്ധസംഘം എത്തുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും. കോവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി കൂടി ഉടലെടുത്തതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോധനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415 ആയി. 115 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കേസുകള്‍ നൂറ് കടന്നു. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഇരുപതില്‍ കൂടുതല്‍ കേസുകളുണ്ട്. രോഗബാധിതരില്‍ 70 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
















