ലഖ്‌നൗ: യുപിയിലെ സുഗന്ധ വ്യാപാരി പീയുഷ് ജെയിൻ്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 177.45 കോടി രൂപ. പീയുഷ് ജെയിനുമായും രണ്ട് പങ്കാളികളുമായും ബന്ധപ്പെട്ട 11 ഇടങ്ങളിലാണ് രണ്ട് ദിവസം നീണ്ട റെയ്ഡ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് സംഘം നടത്തിയത്. ഒന്നരദിവസം കൊണ്ടാണ് പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ത്തത്.
കനൗജിലെ ഇയാളുടെ വീട്ടില്‍ കൂടുതല്‍ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയില്‍ കൂടുതല്‍ പരിശോധനയും നടത്തും. ഇയാളുടെ മറ്റിടങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തുകയാണ്. 177.45 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെയ്‌നറിലാണ് കൊണ്ടുപോകുന്നത്. ഷെല്‍ കമ്പനികള്‍ വഴി വ്യാജ ബില്ലുകളുടെ മറവില്‍ കോടിക്കണക്കിന് രൂപ ഇയാള്‍ വെട്ടിച്ചിട്ടുണ്ട്.
പീയുഷ് ജെയിന്‍ ഷെല്‍ കമ്പനികള്‍ വഴി പണം വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. വിവാദ വ്യാപാരിക്ക് സമാജ്‍വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു. സമാജ്‍വാദി പാര്‍ട്ടിക്കായി സമാജ്‍വാദി അത്തര്‍ നവംബറില്‍ പിയൂഷ് ജെയിന്‍ പുറത്തിറക്കിയിരുന്നുവെന്ന് ബിജെപി ആരോപിച്ചു. പാര്‍ട്ടിയുമായി പീയുഷ് ജെയിന് നേരിട്ട് ബന്ധമില്ലെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ പ്രതികരണം.
ജെയിനിൻ്റെയും രണ്ട് പാര്‍ട്ണര്‍മാരുടെയും കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍, വീടുകള്‍, ഓഫീസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിയുഷ്, ജിഎസ്ടി ഇനത്തില്‍ മാത്രം മൂന്ന് കോടിയുടെ നികുതി വെട്ടിപ്പും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
















