ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ അക്രമ സംഭവങ്ങളുടെ വീഡിയോകള്‍ കാണിച്ച് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കബീർ കുമാർ, അമിത് ശർമ, അമിത് കുമാർ, നിഷാന്ത് കുമാർ, അശ്വിനി കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ട് പേർ ബിരുദ വിദ്യാർത്ഥികളാണ്.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
അക്രമസംഭവവുമായി ബന്ധപ്പെട്ട വിഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ 2.5 കോടി നൽകണമെന്നും ആവശ്യപ്പെട്ട് തനിക്കൊരു ഫോൺ കോൾ ലഭിച്ചു എന്ന് മന്ത്രിയുടെ സ്റ്റാഫ് അംഗമാണ് വെളിപ്പെടുത്തിയത്. തുടർന്ന് അജയ് മിശ്രയുടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ഒക്ടോബർ മൂന്നിനാണ് നാല് കർഷകരടക്കം എട്ട് പേർ മരണപ്പെട്ട ലഖിംപൂർ ഖേരി അക്രമസംഭവങ്ങൾ നടന്നത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇതിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു. ഒക്ടോബറില്‍ അറസ്റ്റിലായതിന് ശേഷം ഇയാള്‍ ജയിലിലാണ്.
ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ മന്ത്രിയുടെ വാഹനവ്യൂഹം വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോള്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രിയും മകനും അവകാശപ്പെട്ടിരുന്നു.
അടുത്തിടെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം സംഭവത്തെ ആസൂത്രിതമായ ഗൂഢാലോചനയെന്ന് വിളിക്കുകയും ആശിഷ് മിശ്രയ്ക്കെതിരേ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റം ചുമത്തുകയും ചെയ്തതിരുന്നു.
















