ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി രൂപ ഇന്‍കം ടാക്‌സ് അധികൃതര്‍ പിടിച്ചെടുത്തു. പെര്‍ഫ്യൂം നിര്‍മാതാവ് പിയൂഷ് ജെയിന് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന വ്യവസായിയുടെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇത്രയും പണം പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.
റെയ്‌ഡിൽ 2 അലമാരയിലും മറ്റുമായി ഒളിപ്പിച്ച നോട്ടുകൾ കണ്ടെടുത്തു. നോട്ടുകെട്ടുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. ഇത്തരത്തില്‍ 30ല്‍ അധികം ബണ്ടിലുകളാണ് പിടികൂടിയത്. പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യ നിർണയം തുടരുകയാണ്. ആദ്യം പണം സ്വമേധയാ എണ്ണാൻ തുടങ്ങിയെങ്കിലും മണിക്കൂറുകൾക്കു ശേഷം പണത്തിൻ്റെ ബാഹുല്യം കാരണം നോട്ടെണ്ണൽ യന്ത്രം കൊണ്ടുവരേണ്ടി വന്നു.
മുറിയുടെ നടുക്ക് ഉദ്യോഗസ്ഥര്‍ നോട്ടെണ്ണാന്‍ ഇരിക്കുന്നതും ചുറ്റും പണത്തിലെ കൂമ്പാരവുമുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവിടെ നിന്ന് മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇപ്പോഴും റെയ്ഡ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഇയാളുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജെയിൻ ബിസിനസ് നടത്തുന്ന 40 ഓളം കമ്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ആറ് അലമാര നിറയെ നോട്ടുകളാണ് പിയൂഷ് ജെയിനിൻ്റെ വീട്ടിൽ നിന്ന് പുറത്തെടുത്തത്. സംഭവസ്ഥലത്ത് പി എ സി വിളിച്ചിട്ടുണ്ട്. പെർഫ്യൂം വ്യാപാരത്തിന് പേരുകേട്ട കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് പിയൂഷ് ജെയിൻ വ്യാപാരം നടത്തുന്നത്.
വ്യവസായിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് ആരംഭിച്ചത്. വ്യാജ കണക്കുകള്‍ കാണിച്ചും ഇ വേ ബില്ലുകള്‍ ഇല്ലാതെയും സാധനങ്ങള്‍ അയച്ചതായി പരിശോധനയില്‍ കണ്ടെത്തി. പണമിടപാടുകളില്‍ മിക്കതും വ്യാജ സ്ഥാപനങ്ങളുടെ പേരിലാണ് നടത്തിയിട്ടുള്ളത്. ഇയാളില്‍ നിന്ന് നാല് ട്രക്കുകളും പിടിച്ചെടുത്തു.
















