അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവൻ്റെ വിയോഗത്തില്‍ ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് നടൻ മോഹൻലാല്‍. മലയാളത്തിൻ്റെ മികച്ച സംവിധായകരില്‍ ഒരാളായ കെ എസ് സേതുമാധവനാണ് ഇന്ന് പേരുംപെരുമയുള്ള മലയാള സിനിമയ്ക്ക് അടിത്തറ പാകിയത്. നാടകീയമായ ആഖ്യാനങ്ങളോടെയുള്ള മലയാള സിനിമയെ വഴി മാറ്റി നടത്തിയത് കെ എസ് സേതുമാധവനാണ്. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നെന്ന് മോഹൻലാല്‍ കുറിച്ചു.
‘മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ എസ് സേതുമാധവൻ സാറിന് ആദരാഞ്‍ലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്നാണ് മോഹൻലാല്‍ കുറിച്ചത്. കെ എസ് സേതുമാധവൻ്റെ ഫോട്ടോക്കൊപ്പമാണ് മോഹൻലാല്‍ കുറിപ്പ് പങ്കുവെച്ചത്.
കെ എസ് സേതുമാധവൻ്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ‘അറിയാത്ത വീഥികള്‍’ എന്ന ചിത്രമാണ് അതിലൊന്ന്. ‘അവിടത്തെ പോലെ ഇവിടെയും’ എന്ന കെ എസ് സേതുമാധവൻ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിക്കുകയും ചെയ്‍തു. ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F478490700310867&show_text=true&width=500
















