ന്യൂഡൽഹി: രാജ്യത്ത് വി.ഐ.പി സുരക്ഷക്ക് ഇനി വനിത സി.ആർ.പി.എഫ് കമാൻഡോകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരുടെ ഇസെഡ് പ്ലസ് സുരക്ഷ വിഭാഗത്തിൽ വനിതകളേയും ഉൾപ്പെടുത്തി. ആദ്യമായിട്ടാണ് വി.ഐ.പി സുരക്ഷ വിഭാഗത്തിൽ വനിതകളെ ഉൾപ്പെടുത്തുന്നത്.
ആദ്യഘട്ടത്തിൽ 32 വനിത സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. ഔദ്യോഗിക വസതികളിലും യാത്രകളിലും വനിത കമാൻഡോകൾ സുരക്ഷ ഒരുക്കും. പുരുഷ കമാൻഡോകൾക്ക് തുല്യമായി സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങൾ വനിത കമാൻഡോകൾക്കും നൽകും. നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള നേതാക്കളുടെ യാത്രകളിലും സുരക്ഷ ഒരുക്കും. വി.ഐ.പി. സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് വനിത ഉദ്യോഗസ്ഥർക്ക് രണ്ടര മാസത്തെ പരിശീലനം നൽകി.
















