ബംഗളൂരു: കർണാടകയിലെ (Karnataka) ചിക്കബെല്ലാപുരയിൽ (Chikkaballapur) ആരാധനാലയത്തിന് നേരെ ആക്രമണം. സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിൻറെ ചില്ലുകൾ തകർന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആർച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള 160 വർഷത്തിലേറെ പഴക്കുമള്ള സെൻറ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകർത്തിരിക്കുന്നത്. പുലർച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകൾ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആരാണ് ആക്രമണത്തിന് പിന്നിലെന്നതിൽ പൊലീസിന് സൂചന ലഭിച്ചിട്ടില്ല.
പ്രതിപക്ഷ ബഹളത്തിനിടെ, മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദേശിക്കുന്ന ബില്ല് രണ്ടുദിവസം മുമ്പാണ് കർണാടക നിയമസഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. നിയമസഭയിലും നിയമനിർമ്മാണ കൗൺസിലിലും സർക്കാരിന് ഭൂരിപക്ഷമുണ്ട്. മുഖ്യമന്ത്രിയുമായി മാരത്തൺ ചർച്ച നടത്തിയിട്ടും പിൻമാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകൾ . മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മർദ്ദം ശക്തമായിരുന്നു. ഭൂരിപക്ഷ സമുദായത്തിൻറെ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ നടപടി. എന്നാൽ അധികാരത്തിൽ എത്തിയാൽ നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി പ്രചാരണ വിഷയമാക്കി ഉയർത്തുകയാണ് കോൺഗ്രസ്.
















