ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് കൊലപാതകികളെ സഹായിച്ചവരാണ് പിടിയിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു. ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്നത് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു.
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവർത്തകനെ ക്രൂരമായി മർദിച്ചെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആരോപിച്ചത്. ഫിറോസ് എന്ന 25കാരനെയാണ് പൊലീസ് മർദ്ദിച്ചതെന്നും മർദ്ദനവിവരം പുറത്തുപറഞ്ഞാൽ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മുവാറ്റുപുഴ അഷറഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആർഎസ്എസിന് അനുകൂലമായാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്നും പൊലീസ് സമീപനം പക്ഷപാതിത്വപരമാണെന്നും അഷറഫ് മൗലവി കൂട്ടിച്ചേർത്തു. ഷാൻ കൊലപാതകത്തിൽ പൊലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാനാണ് വേണ്ടിയുള്ളതാണ്. ആർഎസ്എസ് അജഡയ്ക്ക് അനുസൃതമായാണ് പൊലീസ് പ്രവർത്തിക്കുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.

















