തിരുവനന്തപുരം: സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. പല കേസുകളിലും രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഏർപ്പാട് കേസുകളെ ദുർബലപ്പെടുത്തുമെന്നും പന്ന്യൻ വിമർശിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അത് ചെയ്യുന്നില്ല. രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ അവർ പ്രതികളാക്കുന്നു. കേരള പോലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണ്. ഉദ്യോഗസ്ഥർ ഇതിനെതിരെ നടപടി കൈക്കൊള്ളണം, എന്നാൽ ഇപ്പോൾ അവർക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പന്ന്യന്‍റെ പ്രതികരണം.
നേരത്തെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പൊലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

















