തിരുവനന്തപുരം: എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച കേസില്‍ തനിക്കും മകൾക്കും നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. പിങ്ക് പോലീസിൻ്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സര്‍ക്കാര്‍ നിലപാടാണ്. സർക്കാരിൽ നിന്നും പോലീസിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരത്തുകയ്ക്കല്ല നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയാലും കേസ് ജയിക്കില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ സിയാദിൻ്റെ ഇടപെടൽ നിർണായകമായെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
25,000 രൂപ കോടതിച്ചെലവായി പരാതിക്കാരിയായ കുട്ടിക്ക് നൽകണം. പോലീസുകാരിക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.

















