കൊച്ചി: പി ടി തോമസിൻ്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച് കുടുംബം. കണ്ണുകള്‍ ദാനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായതായി സുഹൃത്ത് വേണു രാജാമണി അറിയിച്ചു. തൻ്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പി ടിയുടെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിൻ്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
മൃതദേഹം ഇന്നു രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് ഏഴുമണിമുതല്‍ കൊച്ചി ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. എട്ടരയോടെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിക്കും. രാഹുല്‍ ഗാന്ധി ഉള്‍പെടെയുളളവര്‍ ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പിക്കും. വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് ഇന്ന് രാവിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി ടിയുടേത്.

















