കൊച്ചി: പി ടി തോമസ് എംഎല്‍എയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു പി ടിയെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
ജനപ്രതിനിധി എന്ന നിലയില്‍ പി ടി മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കര്‍ എം ബി രാജേഷ് അനുസ്മരിച്ചു. നിയമസഭയ്ക്ക് വലിയ നഷ്ടമാണെന്നും രാജേഷ് പറഞ്ഞു. പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
പി ടി ഇടുക്കിയുടെ എംപി ആയിരുന്നപ്പോഴും പിന്നീടും വര്‍ഷങ്ങളോളം തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തോടൊപ്പമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഓര്‍മിച്ചു. ‘അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പിടിയുടെ അകാല വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തിൻ്റെ കുടുംബത്തിന് സര്വേശ്വരന് കരുത്ത് പകരട്ടെ’- മന്ത്രി പറഞ്ഞു.
പിടി തോമസിന്റേത് അപ്രതീക്ഷിത വിയോഗമെന്നും, നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പോരാളിയാണ് പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി ടി എന്ന് റവന്യുമന്ത്രി കെ രാജന് കുറിച്ചു. ‘ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിൻ്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പി ടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിൻ്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്’- മന്ത്രി അനുസ്മരിച്ചു.
ആരും കാണാത്ത വസ്തുതകള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് പി ടി തോമസ് എന്ന് മുസ്ലിം ലീഗ് നേതാവ് പിടി കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. രാഷ്ട്രീയത്തിലെ അതുല്യപ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
അപ്രിയസത്യങ്ങള്‍ വിളിുച്ചുപറയാന്‍ മടിയില്ലാത്ത ധീരനായിരുന്നു പി ടി തോമസ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ഉറച്ച നിലപാടുകള്‍ പുലര്‍ത്തിയ നേതാവാണ് പി ടി തോമസെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. സഹോദരനെയാണ് നഷ്ടമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു.

















