ലഖ്‌നൗ: തന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, അവർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വരെ ഹാക്ക് ചെയ്തിരിക്കുന്നു, അവർക്ക് മറ്റ് ജോലികളൊന്നും ഇല്ലേ, – പ്രിയങ്ക ചോദിച്ചു. മിറായ വദ്രയുടെയും റയ്ഹാൻ വദ്രയുടെയും അക്കൌണ്ടുകളാണ് ഹാക്ക് ചെയ്തതായി പ്രിയങ്ക പറഞ്ഞത്.
യോഗി ആദിത്യനാഥ് സർക്കാർ ഇത്രയും ഭയക്കുന്നത് എന്തിനെന്നും പ്രിയങ്ക ചോദിച്ചു. യുപി സർക്കാരിനെതിരേ ഫോൺ ചോർത്തൽ ആരോപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തുകയും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമാണ്. ചില റെക്കോഡിങ്ങുകള്‍, വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കാറുണ്ട്, എന്നായിരുന്നു അഖിലേഷിന്റെ ആരോപണം.
ചിലപ്പോൾ അഖിലേഷ് ഭരണത്തിലിരുന്നപ്പോൾ അദ്ദേഹം ഇതുപോലെ ചെയ്തിരിക്കും, എന്നിട്ട് ഇപ്പോൾ അദ്ദേഹം മറ്റുള്ളവരെ പ്രതിയാക്കുന്നു – എന്നാണ് അഖിലേഷിന്റെ ആരോപണത്തോട് ആദിത്യനാഥ് പ്രതികരിച്ചത്.
















