ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനെ പാർലമെന്റിൽനിന്നും സസ്പെൻഡ് ചെയ്തു. റൂൾ ബുക്ക് കീറി എറിഞ്ഞതിനാണ് രാജ്യസഭയിൽനിന്നും തൃണമൂൽ നേതാവിനെ സസ്പെൻഡ് ചെയ്തത്.
തെരഞ്ഞെടുപ്പു പരിഷ്കരണ ബിൽ, 12 എംപിമാരുടെ സസ്പെൻഷൻ എന്നിവയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ഒബ്രിയൻ അധ്യക്ഷന്റെ നേർക്ക് റൂൾ ബുക്ക് കീറി എറിഞ്ഞത്. ശൈത്യകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. ഇതിനിടെയാണ് ഡെറിക് ഒബ്രിയാൻ രാജ്യസഭയിലെ റൂൾബുക്ക് എടുത്ത് എറിഞ്ഞത്.
നിയമം സംബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ ചെയർമാൻ അനുവദിക്കാതിരുന്നതാണ് എംപിയെ പ്രകോപിപ്പിച്ചത്. അതേസമയം നിമയ നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബിൽ ശബ്ദ വോട്ടിലൂടെ കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസാക്കിയിരുന്നു. പിന്നാലെ ഇന്ന് രാജ്യസഭയിലും ബിൽ പാസാക്കി.
“ഏറ്റവുമൊടുവില്‍ ഞാൻ രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടത് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് പാർലമെന്റിനെ പരിഹസിച്ച് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഈ ബില്ലും ഉടൻ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”- ഡെറിക് ഒബ്രിയാന് പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിലെ സംഭവങ്ങളുടെ പേരില്‍ 12 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍ സസ്പെന്‍ഡ് ചെയ്തു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചതിനായിരുന്നു സസ്പെന്ഷന്. മാപ്പ് പറഞ്ഞാലേ സസ്പെന്ഷന് പിന്‍വലിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് എംപിമാര്‍ സമരം തുടരുകയാണ്.
















