തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി കിട്ടിയ ‘ മഹീന്ദ്ര ഥാര്‍’ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദലിക്കുതന്നെ നല്‍കും. ഇന്നു ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം നല്‍കും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് വാഹനം ലേലത്തില്‍ പോയത്.
കൊച്ചി ഇടപ്പിള്ളി സ്വദേശിയായ ബഹ്റൈന്‍ മലയാളി അമല്‍ മുഹമ്മദലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തു വന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 15,10,000 രൂപയും ജിഎസ്ടിയും ചേര്‍ത്താണ് ലേലം ഉറപ്പിച്ചത്. ലേലം ഉറപ്പിച്ചതിനു പിന്നാലെ അന്തിമ തീരൂമാനം ദേവസ്വം ഭരണസമിതിയുടേത് ആയിരിക്കുമെന്ന ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിൻ്റെ വാക്കുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ കുറച്ച് ദിവസം മുമ്പാണ് അമല്‍ മുഹമ്മദലി ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദലി. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്‌യുവി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചത്.

















