ഉത്തർപ്രദേശ്: വിവാഹപ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുന്‍പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സ്വന്തംകാലില്‍ നില്‍ക്കാനും സ്ത്രീകളെ പ്രാപ്തമാക്കലാണ് നിയമഭേദഗതിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിൻ്റെ ഈ തീരുമാനം ചിലര്‍ക്ക് വേദനയുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി ഉത്തർപ്രദേശിൽ പ്രയാഗ്‌രാജില്‍ സ്ത്രീകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു. ഏത് പാർട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകൾക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്നും അവർ ജനിക്കണമെന്നും മോദി പറഞ്ഞു.
സംസ്ഥാനങ്ങളോടും രാഷ്ട്രീയകക്ഷികളോടും കൂടിയാലോചിക്കാതെ തിടുക്കത്തില്‍ നടത്തുന്ന നിയമനിര്‍മാണങ്ങള്‍ നാടിന് ദോഷം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുളള ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ലോക്സഭയില്‍ ബില്‍ തിടുക്കത്തില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷനിരയില്‍ നിന്ന് ഉയര്‍ന്നത്. ബില്ലിൻ്റെ പകര്‍പ്പ് കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം.
















