ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും.
ബില്ലില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. സഭയിൽ ബിൽ കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്ലിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ചർച്ചയ്ക്കായി വിട്ടു. വിവാഹനിയമ ബില്ലിന്‍റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബിൽ ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്സഭയില്‍ ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് -1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്നതാണ് ബില്ലിലെ പ്രധാന നിർദേശം. കോണ്‍ഗ്രസ്, സമാജ് വാദി പാർട്ടി, സിപിഐ, സിപിഎം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
















