ന്യൂഡല്‍ഹി: രാജ്യത്ത് 200 പേര്‍ക്ക് ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 77 പേർ സുഖം പ്രാപിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോൺ ബാധിച്ചത്. 54 പേര്‍ക്ക് വീതം. തെലങ്കാനയില്‍ 20 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോള്‍ കര്‍ണാടകയില്‍ 19 പേര്‍ക്കും രാജസ്ഥാനില്‍ 18 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്.
കേരളത്തില്‍ 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് 14, ഉത്തര്‍പ്രദേശ് രണ്ട് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിൽ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 5326 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 453 മരണവും റിപ്പോർട്ട് ചെയ്തു.
രോഗം ബാധിച്ചവരില്‍ 77 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നിലവിലെ സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിൻ്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അടുത്ത രണ്ടുമാസത്തിനുള്ളിൽ വാക്സിൻ നിർമാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തര സാഹചര്യം നേരിടാൻ ഓക്സിജനും മരുന്നും ആവശ്യത്തിന് കരുതലുണ്ടെന്നും സംസ്ഥാനങ്ങൾക്ക് 48,000 വെന്റിലേറ്ററുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. നെതർലന്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
















