തിരുവനന്തപുരം: കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പൊതുതാല്‍പര്യമല്ല, പ്രശസ്തിക്കുള്ള താല്‍പര്യമാണ് ഹര്‍ജിക്കു പിന്നിലെന്നും കോടതി നിരീക്ഷിച്ചു.
നിരവധി കേസുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിൽ കോടതിയുടെ സമയം പാഴാക്കുകയാണ് ഹർജിക്കാരൻ ചെയ്തതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്തമാക്കി. ആറാഴ്ചയ്ക്കകം പിഴ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം എന്നായിരുന്നു വാദം.
മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയടക്കം ഭരണാധികാരികളുടെ ചിത്രമില്ലെന്നാണ് ഹർജിക്കാരന് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇത്തരമൊരു ഹർജി നിലനിൽക്കുന്നതല്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വാദം. ഡിസംബർ 13ന് ഹർജി പരിഗണിക്കവെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എതിർക്കുന്നതെന്തിനെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു.
ജനവിധി അനുസരിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ പതിക്കുന്നതിൽ എന്ത് പ്രശ്നമാണുള്ളത്. വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമാവാം. എങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിന്റെ പേരിൽ ലജ്ജിക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു.

















