ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം (Anti conversion bill) നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്.
സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. എന്നാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്.
മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യും. മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. മതപരിവർത്തനം നടത്തിയാൽ മുമ്പുണ്ടായിരുന്ന മതത്തിൽനിന്നും ലഭിച്ചിരുന്ന സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. എന്നാൽ, മാറുന്ന മതത്തിലെ ആനുകൂല്യങ്ങൾ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തിൽനിന്നോ പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നു വർഷം മുതൽ അഞ്ചുവർഷം വരെ ജയിൽശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും.
















