ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംശയസ്പദമായി ഒരു ബൈക്കും പൊലീസ് പരിശോധിക്കുന്നുണ്ട്.രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അനേകം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല.
കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്‍റെ നിഗമനം. ജില്ലയില്‍നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സമാധാനം പുനസ്ഥാപിക്കാൻ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

















