ന്യൂഡൽഹി:രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.30ന് കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാർ പ്രതിനിധികൾ രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. 3.30 നാണ് ബിരുദാന ചടങ്ങുകൾ ആരംഭിക്കുക. 2018 -2020 ബാച്ചിന്റെ ബിരുദ ദാന സമ്മേളനത്തിൽ 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുക. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പിഎച്ച്ഡി ബിരുദവും 9 പേർക്ക് പിജി ഡിപ്ലോമ ബിരുദവും നൽകും.
22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും. 23ന് രാവിലെ 10.20ന് കൊച്ചിയിൽ നിന്ന് തിരിച്ച് 11ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.രാവിലെ 11.30ന് പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം രാഷ്ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് ഇവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ സംബന്ധിക്കാൻ 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

















