തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം. രണ്ട് പേർക്ക് വെട്ടേറ്റു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. പരിക്കുകൾ നിസ്സാരമാണ്.
ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം നടന്നത്. ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പത്തിലധികം വാഹനങ്ങളും ഇവർ തകർത്തു. ഒന്‍പത് ലോറികള്‍ മൂന്ന് കാറുകള്‍ നാല് ബൈക്കുകള്‍ എന്നിവയാണ് തകര്‍ത്തത്.
പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസ് ഇവരെ പിന്തുടർന്നു. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു.
പ്രതിയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

















