ബോളിവുഡ് താരം സൽമാൻ ഖാന്റെ(Salman Khan) ഹിറ്റ് ചിത്രം ‘ബജ്‌രംഗി ഭായിജാന്റെ’ രണ്ടാം ഭാഗം(Bajrangi Bhaijaan 2) വരുന്നു. രാജമൗലി( Rajamouli) ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പ്രോഗ്രാമിനിടയിലാണ് രണ്ടാം ഭഗത്തെ കുറിച്ച് സൽമാൻ പ്രഖ്യാപിച്ചത്. എസ്. എസ്. രാജമൗലിയുടെ പിതാവ് കെ. വി. വിജയേന്ദ്ര പ്രസാദാണ് രണ്ടാം ഭാഗം എഴുതുന്നത്.
2015ൽ ആയിരുന്നു ‘ബജ്‌രംഗി ഭായ്ജാൻ‘ പുറത്തിറങ്ങിയത്. കബീർ ഖാൻ സംവിധാനം ചെയ്ത ആദ്യഭാഗത്തിൽ കരീന കപൂറും നവാസുദ്ദീൻ സിദ്ദിഖിയും ഹർഷീന മൽഹോത്രയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015 ജൂലൈ 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.
ഇന്ത്യയിലേക്ക് എത്തിപ്പെട്ട സംസാരശേഷി ഇല്ലാത്ത മുന്നി എന്ന മുസ്‌ലിം പെൺകുട്ടിയെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാൻ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ശ്രമവും ഒടുവിൽ അവളെ സുരക്ഷിതയായി സ്വന്തം രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ അച്ഛൻ തനിക്ക് നൽകിയതെന്ന് സൽമാൻ പറഞ്ഞു.
















