ന്യൂഡല്‍ഹി: വോട്ടേഴ്സ് ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നു.
ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്ക് വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലുതവണ വരെ അവസരം നല്‍കുന്നതുമാണ് ബില്‍.
തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി എസ് പി, ആർ എസ് പി അംഗങ്ങൾ എതിർത്തത്.
















