ആലപ്പുഴ:ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും, കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു.
12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് ബി ജെ പി നേതാക്കളെ അറിയിച്ചത്. മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടർന്നാകും സംസ്കാരം.
പോസ്റ്റ്മോർട്ടം വൈകിക്കാൻ പൊലീസ് ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് ബി ജെ പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് ഉച്ചയ്ക്കു ശേഷം ചേരും

















