ന്യൂഡല്‍ഹി: രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത എം.പിമാരിൽ അഞ്ചു പാർട്ടിക്കാരെ മാത്രം ചർച്ചയ്ക്ക് വിളിച്ചു കേന്ദ്രസർക്കാർ. തിങ്കളാഴ്ച രാവിലെ 10നാണ് യോഗം. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച യോഗത്തില്‍ രാജ്യസഭ നേതാവ് പിയൂഷ് ഗോയലും പങ്കെടുക്കും.
ആഗസ്റ്റ് 11 ന് സി.പി.എം എം.പി എളമരം കരീം, ബിനോയി വിശ്വം, ആറ് കോൺഗ്രസ് എം.പിമാർ, ശിവസേന എം.പി അനിൽദേശായി, തൃണമൂൽ കോൺഗ്രസിന്റെ എം.പി ഡോളാ സെൻ, ശാന്ത ഛേത്രി എന്നീ 12 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇവരിൽ അഞ്ചു പാർട്ടിക്കാരെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
അതേസമയം, യോഗത്തിലേക്ക് എല്ലാ കക്ഷി നേതാക്കളെയും വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കും.
പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അന്ന് സഭയിൽ പ്രതിഷേധിച്ചത്. തുടർന്ന് എംപിമാരെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എം.പിമാർ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു.
















