ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയിലെ സ്ഫോടനക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷനാണ് ഹാൻഡ് വാഷ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ എയിംസിൽ പ്രവേശിപ്പിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഭരത് ഭൂഷണ്‍ കതാരിയ എന്ന ശാസ്ത്രജ്ഞന്‍ തന്റെ അയല്‍വാസിയായ അഭിഭാഷകനെ കൊല്ലാന്‍ ബോംബ് വെച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയായിരുന്നു.
ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്. രാവിലെ 10.30-ഓടെയായിരുന്നു സംഭവം. രണ്ട് ചെറിയ സ്‌ഫോടനങ്ങളാണ് കോടതിമുറിയിൽ ഉണ്ടായത്.
















