മണിക്കൂറുകൾ വ്യത്യാസത്തിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രണ്ട് കൊലപാതകങ്ങളും ലക്ഷ്യം വെക്കുന്നത് നാട്ടിൽ വർഗ്ഗീയകലാപം സൃഷ്ടിക്കലാണ്. നാട്ടിലെ സമാധാന അന്തരീഷം തകർത്ത് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അക്രമ പരമ്പരകൾ സംഘടിപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. യാതൊരു പ്രകോപനമോ സംഘർഷമോ കൂടാതെ നടന്ന കൊലപാതകങ്ങൾ കലാപത്തിനുള്ള ബോധപൂർവമായ ശ്രമമാണ്.
ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള ഇരു സംഘടനകളുടെയും ശ്രമത്തെ ജനം തിരിച്ചറിയണം. ആദ്യത്തെ കൊലപാതകം നടക്കുന്ന പ്രദേശത്ത് യാതൊരു സംഘർഷമോ പ്രകോപനമോ ഉണ്ടായിരുന്നില്ല. കൊലപ്പെടുത്തുന്നതിനു തൊട്ടു മുന്നേ യാതൊരു രാഷ്ട്രീയ സംഘർഷവും നിലനിന്നതായി അറിവില്ല. തുടർന്ന് മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ ബിജെപി നേതാവിനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയതും കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണ്.
ഇരുവർഗീയ വാദികളുടെയും ലക്ഷ്യം വർഗീയ കലാപമാണ്.മതതീവ്രവാദ സംഘടനകളായ ആർഎസ്‌എസ്സിന്റെയും എസ്‌ഡിപിഐയേയും സമൂഹത്തിൽ നിന്ന് ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും ഇവരുടെ കലാപ ആസൂത്രണത്തെ തിരിച്ചറിയണമെന്നുംഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി അഡ്വ. ആർ രാഹുലും പ്രസ്താവനയിൽ പറഞ്ഞു.

















