ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ പോസ്റ്റ്മോർട്ടം നാളത്തേക്ക് മാറ്റി. വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കൈമാറുമെന്നായിരുന്നു പൊലീസ് രഞ്ജിത്തിന്റെ ബന്ധുക്കളേയും ബിജെപി നേതാക്കളെയും അറിയിച്ചിരുന്നത്.
ആർടിപിസിആർ പരിശോധന ഫലം കിട്ടാൻ വൈകിയതോടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും വൈകുകയായിരുന്നു. രാത്രി പോസ്റ്റ് മോർട്ടം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും നാളെ രാവിലെ പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുനൽകുമെന്നുമാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആസൂത്രിതമായ ഗൂഡാലോചനയാണ് പൊലിസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പൊലിസ് നടപടിയോട് സഹകരിക്കുന്നത് ദൗർലഭ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്നും ബിജെപി പറയുന്നു.
സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കൾ പോലീസുമായും ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് വിശദീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പോലീസുമായി സഹകരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുകിട്ടിയാൽ നാളെ വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാനാണ് തീരുമാനം. രാവിലെ 9.30ന് വിലാപയാത്ര തുടങ്ങും. ആലപ്പുഴയിൽ പൊതു ദർശനം ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ആറാട്ടുപുഴയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുക.
ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ഈ കേസിലും ഇന്നലെ രാത്രി നടന്ന എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിലുമായി പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിരിക്കുന്നത്. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്.

















