അമൃത്‌സര്‍: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. സുവര്‍ണ്ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ചയായിരുന്നു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇതിന് പിന്നാലെയാണ് സിഖ് പതാകയായ നിഷൻ സാഹിബിനെ അവഹേളിച്ചു എന്നാരോപിച്ച് മറ്റൊരു യുവാവിനെയും ആൾക്കൂട്ടം തല്ലിക്കൊന്നത്.
സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.
കപുർത്തല ജില്ലയിലെ നിജംപുർ ഗ്രാമത്തിൽ താമസിക്കുന്ന യുവാവിനെ സിഖ് പതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഗുരുദ്വാരയിൽ നിന്ന് പിടികൂടിയിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ചായിരുന്നു ആളുകൾ യുവാവിനെ തല്ലിക്കൊന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തോടാവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ചതോപാധ്യായ വ്യക്തമാക്കി.
കപുർത്തലയിലേയും അമൃത്‌സറിലേയും സംഭവങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാനത്തെ സമുദായ സൗഹാര്‍ദ്ദം തകർക്കാനുള്ള എല്ലാ ശ്രമങ്ങളേയും ശക്തമായിത്തന്നെ നേരിടുമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചാബ് പോലീസ് മേധാവി ട്വീറ്റ് ചെയ്തു.
















